Sunday 18 December 2016

ബ്ലോഗെഴുത്തുലോകം വാരം 004 രചന 07


ഇറാനിയൻ യുവതി റെയ്‌ഹാന ജെബാരി അമ്മയ്ക്കെഴുതിയ കത്ത് (ലേഖനം)
സജി വട്ടംപറമ്പിൽ
sajivattamparambil@yahoo.com

ഒരു ഫെയ്സ് ബുക്ക് സുഹൃത്തു കഴിഞ്ഞ വർഷം അയച്ചുതന്നതാണീ കത്ത്. ഈ സംഭവം നടന്നിട്ട് ഒരു വർഷം കഴിഞ്ഞു. എന്നിട്ടും, ഇന്നലേയും (ഡിസംബർ 12, 2016, വെള്ളി) ഈ സംഭവം ചർച്ച ചെയ്യപ്പെടുകയുണ്ടായി എന്നതിന്റെ പശ്ചാത്തലത്തിലാണ് ഇതിവിടെ പോസ്റ്റു ചെയ്യുന്നത്.
ബലാൽസംഗം ചെയ്യാൻ ശ്രമിച്ചയാളെ കൊന്ന കേസിൽ തൂക്കിലേറ്റിയ ഇറാനിയൻ യുവതി റെയ്‌ഹാന ജെബാരി തന്റെ അമ്മയ്ക്കെഴുതിയ ഹൃദയഭേദകമായ കത്ത് ഇറാനിലെന്ന പോലെ പാശ്ചാത്യരാജ്യങ്ങളിലും ഇപ്പോഴും ചർച്ചയാണ്.
ലോകത്തിന്റെ വിവിധകോണുകളിൽ നിന്നുള്ള പ്രതിഷേധങ്ങളെ വകവെയ്ക്കാതെ ഇറാൻ നടപ്പിലാക്കിയ തൂക്കുശിക്ഷയ്ക്കെതിരേ മനുഷ്യാവകാശസംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നു.
തന്റെ ശിക്ഷ നടപ്പിലാക്കുന്നവരോടുള്ള പ്രതിഷേധമായി തന്റെ മരണത്തെ കാണാനാഗ്രഹിയ്ക്കുന്നെന്നു പറയുന്ന റെയ്‌ഹാന മരണത്തിനു ശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്നു കത്തിൽ മാതാവിനോട് ആവശ്യപ്പെടുന്നുണ്ട്.
കത്തിന്റെ പൂർണരൂപം
പ്രിയപ്പെട്ട ഉമ്മാ,
ഇന്നു നിയമത്തെ അഭിമുഖീകരിയ്ക്കാനുള്ള എന്റെ ഊഴം വന്നെന്നു ഞാൻ തിരിച്ചറിയുന്നു. എന്റെ ജീവിതത്തിന്റെ അവസാനനാളുകൾ എത്തിച്ചേർന്നെന്ന് എന്തുകൊണ്ടു നിങ്ങളെന്നെ അറിയിച്ചില്ല? ഞാനത് അറിയേണ്ടയോ?
ഉമ്മ വിഷമിക്കുന്നു എന്നറിയുന്നതിൽ ഞാൻ ദുഃഖിതയാണ്. എന്തുകൊണ്ട് ഉമ്മയുടേയും പിതാവിന്റേയും കൈകളിൽ മുത്തമിടാൻ എനിയ്ക്ക് അവസാനമായി ഒരവസരം നൽകിയില്ല?
ലോകം എന്നെ 19 വർഷം ജീവിയ്ക്കാൻ അനുവദിച്ചു. ആ രാത്രി ഞാൻ മരിക്കേണ്ടതായിരുന്നു. എന്റെ മൃതശരീരം നഗരത്തിന്റെ ഏതെങ്കിലും കോണിൽ വലിച്ചെറിയപ്പെടുമായിരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം എന്റെ മൃതശരീരം തിരിച്ചറിയാൻ ഉമ്മയെ വിളിപ്പിയ്ക്കുമ്പോൾ ഞാൻ ക്രൂരമായി ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട വിവരം ഉമ്മ തിരിച്ചറിയുമായിരുന്നു.
നമുക്കു പണവും അധികാരവുമില്ലാത്തതിനാൽ കൊലപാതകിയെ ഒരിക്കലും കണ്ടെത്തില്ലായിരുന്നു. തുടർന്നു നിങ്ങൾ നാണക്കേടിലും ദുഃഖത്തിലും ജീവിച്ച് കുറച്ചുനാൾക്കകം മരിയ്ക്കുമായിരുന്നു.
എന്നാൽ എന്റെ പ്രവൃത്തികൊണ്ടു കഥ മാറിമറിഞ്ഞു. എന്റെ ശരീരം നഗരത്തിൽ വലിച്ചെറിയപ്പെട്ടില്ല. പകരം എവിൻ ജയിലിലെ ഏകാന്തമായ മുറിയിലേയ്ക്കു വലിച്ചെറിയപ്പെട്ടു. ഇപ്പോൾ ശഹ്ർ ഇ റെയിലെ ശവക്കല്ലറയ്ക്കു സമാനമായ മുറിയിലേക്കും. എന്നാൽ ഞാനിതു പരാതികളില്ലാതെ വിധിയ്ക്കു വിടുന്നു. മരണം ജീവിതത്തിന്റെ അവസാനമല്ലെന്നു നിങ്ങൾക്കറിയാമല്ലോ.
ഉമ്മ എന്നെ പഠിപ്പിച്ചിട്ടില്ലേ, ഒരാൾ ഈ ജീവിതത്തിലേയ്ക്കു വരുന്നത് അനുഭവങ്ങൾ നേടാനും, പാഠങ്ങൾ പഠിയ്ക്കാനുമാണെന്നും, ഓരോ ജന്മവും ഓരോ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനായി സൃഷ്ടിക്കപ്പെട്ടതാണെന്നും.
ചില സന്ദർഭങ്ങളിൽ ഒരാൾ പോരാടുക തന്നെ ചെയ്യേണ്ടതുണ്ടെന്നു ഞാനിപ്പോൾ പഠിച്ചിരിയ്ക്കുന്നു.
പൊതുസ്ഥലങ്ങളിൽ പെരുമാറേണ്ടതിനെക്കുറിച്ച് എത്രമാത്രം പറഞ്ഞുതന്നിരിയ്ക്കുന്നു! എന്നാൽ ഉമ്മയുടെ അനുഭവങ്ങൾ തെറ്റായിരുന്നു.
ഈ സംഭവത്തോടെ ഞാൻ പഠിച്ച കാര്യങ്ങളൊന്നും എന്നെ സഹായിയ്ക്കാനുണ്ടായിരുന്നില്ല. തണുത്ത രക്തത്തോടെ കൊലപാതകിയായും ക്രൂരയായ ക്രിമിനിലായും ഞാൻ കോടതിയിൽ ചിത്രീകരിയ്ക്കപ്പെട്ടു. ഒരു തുള്ളി കണ്ണുനീർ പോലും ഉതിർത്തില്ല. യാചിച്ചില്ല. കരയുകയോ തല കുമ്പിടുകയോ ചെയ്തില്ല. കാരണം എനിയ്ക്കു നിയമത്തിൽ വിശ്വാസമുണ്ടായിരുന്നു.
പക്ഷേ, എന്നെ കുറ്റക്കാരിയായി വിധിച്ചു.
ഉമ്മയ്ക്കറിയില്ലേ, ഞാനൊരു കൊതുകിനെപ്പോലും ഇതുവരെ കൊന്നിട്ടില്ല. അടുത്തു വരുന്ന പാറ്റകളെപ്പോലും അവയുടെ കൊമ്പിൽ പിടിച്ചു കളയുകയല്ലേ ചെയ്യാറുള്ളത്. എന്നാൽ ഇപ്പോൾ ഞാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു കൊലപാതകി ആയിരിയ്ക്കുകയാണ്.
നീതിപാലകരിൽ നിന്നു നീതി പ്രതീക്ഷിയ്ക്കുന്നയാൾ എത്രത്തോളം ശുഭാപ്തിവിശ്വാസിയായിരിക്കും. എന്നിൽ ഈ രാജ്യത്തെക്കുറിച്ചുള്ള സ്നേഹം നിറച്ച രാജ്യത്തിനു തന്നെ എന്നെ വേണ്ട. എതിർഭാഗം വക്കീലിൽ നിന്ന് ഏറ്റവും മോശപ്പെട്ട വാക്കുകൾ കേട്ടു ഞാൻ കരയുമ്പോഴും ആരുമെന്നെ പിന്തുണയ്ക്കാനുണ്ടായിരുന്നില്ല.
പോളീഷ് ചെയ്തു സുന്ദരമാക്കിയിരുന്ന എന്റെ നഖങ്ങൾ ഒരു കൊലപാതകിയുടേതല്ലെന്നും എന്റെ കൈകൾ മൃദുവാണെന്നും എന്തുകൊണ്ട് ഒരു ജഡ്ജി മനസ്സിലാക്കിയില്ല. ഉമ്മ സ്നേഹിച്ചിരുന്ന ഈ രാജ്യത്തിന് എന്നെ വേണ്ടായിരുന്നു.
എന്റെ ശരീരത്തിലെ സൗന്ദര്യത്തിന്റെ അവസാനശേഷിപ്പായ മുടി വടിച്ച് പതിനൊന്നു ദിവസം അവരെന്നെ ഏകാന്തത്തടവിലാക്കി. പക്ഷേ ഇതൊന്നും കേട്ട് ഉമ്മ കരയരുത്. പോലീസ് ഓഫീസിലെ ആദ്യദിവസം തന്നെ എന്റെ സുന്ദരമായ നഖങ്ങൾ കണ്ട് അവരെന്നെ വേദനിപ്പിച്ചു. അന്നെനിക്കു മനസ്സിലായി, ഈ ലോകത്തു സൗന്ദര്യത്തിനു സ്ഥാനമില്ലെന്ന്. നോട്ടത്തിന്റേയും ചിന്തയുടേയും സൗന്ദര്യത്തിലോ, സുന്ദരമായ കൈയെഴുത്തിലോ, സുന്ദരമായ കണ്ണിലോ കാഴ്‌ചയിലോ ഒന്നും കാര്യമില്ല.
എന്റെ കാഴ്‌ചപ്പാടുകളെല്ലാം ഇപ്പോൾ മാറിയിരിക്കുന്നെന്ന് എന്റെ പ്രിയപ്പെട്ട ഉമ്മ മനസ്സിലാക്കണം. പക്ഷേ, അതിന് ഒരിയ്ക്കലും നിങ്ങൾ ഉത്തരവാദിയല്ല. എന്റെ വാക്കുകൾ അവസാനിപ്പിയ്ക്കാൻ കഴിയുന്നില്ല. എല്ലാം ഞാൻ ഒരാളിനു കൊടുത്തിട്ടുണ്ട്. ഉമ്മ അറിയാതെയോ, ഉമ്മയുടെ സാന്നിദ്ധ്യത്തിലല്ലാതെയോ ഞാൻ വധിയ്ക്കപ്പെട്ടാൽ അതെല്ലാം ഉമ്മയ്ക്കു നൽകും.
എന്റെ കൈയെഴുത്തിനാലുള്ള ഒട്ടേറെ കാര്യങ്ങൾ പൈതൃകമായി ഞാൻ ഉമ്മയ്ക്കു ബാക്കിവെച്ചിട്ടുണ്ട്. എങ്ങനെയായിരുന്നാലും എന്റെ മരണത്തിനു മുമ്പ് എനിയ്ക്ക് ഉമ്മയിൽ നിന്നു ചില കാര്യങ്ങൾ വേണം. ഉമ്മയുടെ എല്ലാ കഴിവും ഉപയോഗിച്ച് അവയെനിയ്ക്കു ചെയ്തു തരണം. ഈ രാജ്യത്തു നിന്നും ഈ ലോകത്തു നിന്നും ഉമ്മയിൽ നിന്നും ഇനി അതു മാത്രമാണ് എനിക്കു വേണ്ടത്.
എനിയ്ക്കറിയാം, അതിന് ഉമ്മയ്ക്കു സമയം ആവശ്യമായിരിക്കും. എന്റെ വിൽപ്പത്രത്തിന്റെ ഒരു ഭാഗം ഉമ്മയെ അറിയിയ്ക്കും. പക്ഷേ, അതു കണ്ട് ഉമ്മ ഒരിയ്ക്കലും കണ്ണീർ പൊഴിയ്ക്കരുത്. ഉമ്മ കോടതിയിൽ പോയി എന്റെ അപേക്ഷ ബോധിപ്പിക്കണം.
ജയിലിനകത്തു വച്ച് അത്തരമൊരു എഴുത്തെഴുതാൻ ജയിൽമേധാവി എന്നെ അനുവദിയ്ക്കില്ല. അതിനാൽ ഒരിയ്ക്കൽക്കൂടി ഉമ്മ ഞാൻ മൂലം വിഷമിയ്ക്കേണ്ടി വരികയാണ്. ഇതിനു വേണ്ടി ഉമ്മ അവർക്കു മുന്നിൽ യാചിച്ചാലും ഞാൻ ഒന്നും പറയില്ല.
എന്റെ എത്രയും പ്രിയപ്പെട്ട ഉമ്മ എനിയ്ക്കു വേണ്ടി ചെയ്യേണ്ടത് ഇതാണ്:
മണ്ണിനടിയിൽ ചീഞ്ഞളിയാൻ എനിയ്ക്കു താല്പര്യമില്ല. എന്റെ കണ്ണും ഹൃദയവും ഒന്നും മണ്ണായിത്തീരരുത്. അതിനാൽ എന്റെ ഹൃദയവും വൃക്കയും കണ്ണുകളും എല്ലുകളും തുടങ്ങി, എന്തെല്ലാം എന്റെ ശരീരത്തിൽ നിന്നെടുക്കാമോ അവയെല്ലാം ആവശ്യമുള്ളവർക്ക് എന്റെ സമ്മാനമായി നൽകണം.
പക്ഷേ, അവ സ്വീകരിയ്ക്കുന്നവരാരും എന്റെ പേര് അറിയുകയോ, എനിക്കു വേണ്ടി ബൊക്കെ സമർപ്പിക്കുകയോ പ്രാർത്ഥിക്കുകയോ പോലും ചെയ്യരുതെന്ന് എനിയ്ക്കു നിർബന്ധമുണ്ട്.
എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നാണു ഞാൻ പറയുന്നത്. നിങ്ങൾക്കു വന്നിരുന്നു പ്രാർത്ഥിയ്ക്കാനോ കരയാനോ ഒരു കല്ലറ പോലും എനിയ്ക്കു വേണ്ടി ഉണ്ടാക്കരുത്. ഞാൻ മരിച്ചതിൽ ദുഃഖം ആചരിച്ച് ഉമ്മ കറുത്ത വസ്ത്രം പോലും ധരിയ്ക്കരുത്.
എന്റെ കഠിനപ്പെട്ട ദിവസങ്ങൾ മറക്കാനായി ഉമ്മ ആവുന്നതെല്ലാം ചെയ്യണം. കാറ്റിൽ പറക്കാനായി എന്നെ വിടൂ.
ലോകം നമ്മെ സ്നേഹിക്കുന്നില്ല. അതിന് എന്റെ വിധി ആവശ്യമില്ല. അതു ഞാൻ ത്യജിച്ച് മരണത്തെ പുൽകുകയാണ്.
ദൈവത്തിന്റെ കോടതിയിൽ എന്നെ കുറ്റക്കാരിയാക്കിയ ഇൻസ്പെക്ടർമാരേയും നീതിപാലകരേയും എന്നെ ക്രൂരമായി പീഡിപ്പിച്ച സുപ്രീംകോടതി ജഡ്ജിമാരേയുമെല്ലാം പ്രതികളാക്കും. എന്റെ അവകാശങ്ങൾ ചവിട്ടിമെതിച്ചതിനും, എന്നെ കുറ്റക്കാരിയാക്കിയതിനും, യാഥാർത്ഥ്യത്തിൽ നിന്നു വളരെ അകലെയായതിനും ഞാൻ അവരെ ദൈവത്തിന്റെ കോടതിയിൽ വിസ്തരിക്കും.
പ്രിയപ്പെട്ട ഉമ്മാ, മറ്റൊരു വാക്കിൽ പറഞ്ഞാൽ, ആ ലോകത്തു ഞാനും ഉമ്മയുമാവും കുറ്റം ചുമത്തുന്നവർ. ബാക്കിയുള്ളവരെല്ലാം കുറ്റം ചെയ്തവരാകും. ദൈവം എന്താണു നിശ്ചയിക്കുന്നതെന്നു നമുക്കു കാണാം.
മരണം വരെ ഉമ്മയെ പുണർന്നിരിയ്ക്കണമെന്നാണു ഞാൻ ആഗ്രഹിയ്ക്കുന്നത്.
ഉമ്മയെ ഞാൻ വല്ലാതെ സ്നേഹിയ്ക്കുന്നു...
(തൂക്കിലേറുന്നതിനു മുൻപ് റെയ്ഹാന ജെബാരി എഴുതിയ ഈ കത്ത് വെള്ളിയാഴ്‌ചകളിലെ സായാഹ്നസംഗമത്തിൽ പുരോഗമനചിന്തകരായ കുട്ടികൾ ഇപ്പോഴും എടുത്തു വായിയ്ക്കുന്നു...)
 
_____________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

_____________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ
_____________________________________________________________________